തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളില്‍നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി.
ഒരുലക്ഷത്തിലധികം പേരാണ് തെരച്ചിലില്‍ പങ്കുചേരുന്നത്. എന്നാല്‍, ആവശ്യത്തിനു വാഹനങ്ങളും യന്ത്രോപകരണങ്ങളും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ദുരന്തത്തിന്റെ തീവ്രത ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലമായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന സിറിയയില്‍ ഭൂകമ്പമുണ്ടാക്കിയ പ്രതിസന്ധി ഒട്ടുംതന്നെ വ്യക്തമല്ല. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ സഹായം എത്തുന്നുണ്ടെങ്കിലും വിമതപ്രദേശങ്ങളുടെ കാര്യം പരിതാപകരമാണ്.