Wednesday, January 22, 2025

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും

  1. റേഷന്‍ കടകളിലെത്താന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വീടുകളില്‍ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും.

അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇത്തരം കുടുംബങ്ങളിലേക്ക് അവര്‍ക്ക് അര്‍ഹമായ റേഷന്‍ എത്തുന്നു എന്നകാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. തൃശ്ശൂര്‍, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തില്‍ ഫെബ്രുവരി 13ന്, ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷത വഹിക്കും.

ഗുണഭോക്താക്കളുടെയും റേഷന്‍കടയുടെയും രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തിലാണ് വിതരണം നടക്കുക. ഓട്ടോറിക്ഷക്കാര്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി കടയില്‍നിന്ന് വീടുകളിലേക്ക് സൗജന്യമായി സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. എല്ലാമാസവും പത്തിനകം ഗുണഭോക്താക്കളിലേക്ക് റേഷന്‍ എത്തിക്കാനാണ് തീരുമാനം.

ഇ- പോസ് മെഷീന്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച്, ഗുണഭോക്താക്കള്‍ക്ക് താല്‍ക്കാലിക രസീത് ഓട്ടോറിക്ഷ തൊഴിലാളികളുടെ പക്കല്‍ കൊടുത്തുവിടും. റേഷന്‍ കൈപ്പറ്റിയത് ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമാണ് ഇ- പോസ് മെഷീനില്‍ രേഖപ്പെടുത്തുന്നത്. ഒപ്പം പദ്ധതിയുടെ സുതാര്യത നിലനിര്‍ത്താന്‍ താലൂക്ക്തല ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും.

 

Latest News