Wednesday, January 22, 2025

13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. ഏഴു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റിയും ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുമാണ് രാഷ്ട്രപതിയുടെ ഉത്തരവ്. മഹാരാഷ്ട്ര, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്ന ഭഗത് സിംഗ് കോഷിയാരിയുടെ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹം രാജി വച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരെ മാറ്റാന്‍ രാഷ്ട്രപതിഭവന്‍ തീരുമാനിച്ചത്. ജാർഖണ്ഡ് ഗവർണർണറായിരുന്ന രമേശ് ബയ്സിനെ കോഷിയാരിയുടെ ഒഴിവില്‍ മഹാരാഷ്ട്രയില്‍ നിയമിച്ചു. സി.പി.രാധാകൃഷ്ണനാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പുതിയ ഗവർണർ.

ആന്ധ്രപ്രദേശ് ഗവർണറായിരുന്ന ബിശ്വഭൂഷൺ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പൂരിലേക്കും മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിലേക്കും മാറ്റി. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയ ഗവര്‍ണറായും നിയമിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേറിനാണ് ബീഹാറിന്റെ ചുമതല.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. ബ്രിഗേഡിയർ ബി.ഡി.മിശ്രയാണ് ലഡാക്ക് ഗവർണർ. ലഫ്.ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശ് ഗവർണറായും ചുമതലയേൽക്കും.

Latest News