Thursday, January 23, 2025

ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ട് യുഎസ് സൈന്യം

ചുരുളുകള്‍ അഴിയാതെ അമേരിക്കയുടെ മുകളില്‍ വീണ്ടും അജ്ഞാത വസ്തു. ഈ രീതിയില്‍ ഒരു ആഴ്ചയിലെ നാലാമത്തെ സംഭവം കൂടിയാണ് ഇത്. ഫെബ്രുവരി 12 ഞായാറാഴ്ച അലാസ്‌കയിലും കാനഡയിലും ഈ വസ്തു ആകാശത്ത് കണ്ടതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി അമേരിക്ക അടച്ചു. തുടര്‍ന്നാണ് വസ്തുവിനെ വെടിവെച്ചിടുന്ന നടപടികളിലേക്ക് രാജ്യം കടന്നത്.

ശനിയാഴ്ചയാണ് ഈ വസ്തുവിന് ആദ്യമായി അമേരിക്കന്‍ റഡാറുകള്‍ കണ്ടെത്തുന്നത്. ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറിലാണ് കണ്ടെത്തിയത്. പിന്നീട് അപ്രത്യക്ഷമായ വസ്തു ഇന്നലെ മിഷിഗനിലെയും വിസ്‌കോണ്‍സിനിലെയും റഡാറുകളില്‍ പതിഞ്ഞിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. അഷ്ടഭുജത്തിന്റെ ആകൃതിയിലുള്ള ഈ വസ്തു 20000 അടി ഉയരത്തിലാണ് പറന്നിരുന്നത് എന്നും ആളില്ലാ വാഹനം ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ ഉണ്ട്.

യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിന് മുകളിലൂടെ വസ്തു നീങ്ങുമ്പോഴാണ് അമേരിക്കയുടെ നീക്കം. അമേരിക്കന്‍ വ്യോമസേനയും നാഷണല്‍ ഗാര്‍ഡും ചേര്‍ന്നാണ് ഈ മിഷന് നേതൃത്വം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കമാന്‍ഡുകളില്‍ റഡാറുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

 

Latest News