Thursday, January 23, 2025

ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ‘എയറോ ഇന്ത്യ 2023’ന് തുടക്കം

ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ‘എയറോ ഇന്ത്യ 2023’ന് ഇന്ന് കര്‍ണാടകയില്‍ തുടക്കം കുറിക്കും. 1996ല്‍ ആരംഭിച്ച ഈ ജനപ്രിയ പരിപാടിയുടെ വേദി ബംഗളൂരുവിലെ യെലഹങ്കയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനാണ്. ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയറോ ഇന്ത്യ 2023 നടക്കുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍, എയറോസ്‌പേസ് നിക്ഷേപകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. എയ്റോ ഇന്ത്യയുടെ പരിപാടികള്‍ക്ക് നേരത്തെ 13 തവണയും വേദിയായത് ബംഗളൂരുവായിരുന്നു.

എയ്‌റോ ഇന്ത്യ 2023 ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രകടമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 98 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. കൂടാതെ, 809 പ്രതിരോധ കമ്പനികളും പങ്കെടുക്കും.

രാജ്യത്ത് പ്രതിരോധ പരിപാടികള്‍ക്ക് നേതൃത്വം നടത്തുന്ന നോഡല്‍ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്‍ സി ഐ തേജസ്, ഡോര്‍ണിയര്‍ ലൈറ്റ് ഹെലികോപ്റ്റര്‍, അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്റര്‍ എന്നിവയും പരിപാടികള്‍ അവതരിപ്പിക്കും.

പ്രവേശന ബാഡ്ജുകള്‍ ഉള്ളവര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. എയറോഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ബാഡ്ജ് ലഭ്യമാകാനുള്ള വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ ആയി പെയ്മെന്റ് നടത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്.

Latest News