പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജമ്മു കശ്മീരിലെ മണ്ഡല പുനക്രമീകരണത്തിനായി കമ്മീഷന്‍ രൂപീകരിച്ച നടപടി ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹര്‍ജികളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. കമ്മീഷന്‍ രൂപീകരണം ചോദ്യം ചെയ്ത് കശ്മീര്‍ സ്വദേശികളായ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
എന്നാല്‍, ജമ്മു കശ്മീരിലെ പുനക്രമീകരണ കമ്മീഷന്‍ രൂപീകരിച്ചതു ശരിവെക്കുന്നതായോ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികള്‍ അംഗീകരിക്കുന്നതായോ ഈ വിധികൊണ്ട് വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
2019 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിന്‍വലിക്കാനും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും നടപടിയുണ്ടായത്. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീര്‍ എന്നും വ്യവസ്ഥ ചെയ്തു. തുടര്‍ന്നാണ് മണ്ഡല പുനക്രമീകരണത്തിന് സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കമ്മീഷന്‍ രൂപീകരിച്ചത്.