തുര്‍ക്കി -സിറിയ ഭൂചലനം ഒരാഴ്ച പിന്നിടുമ്പോള്‍ കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായാണ് വിവരം . ഇതേ തുടര്‍ന്ന് സ്നിഫർ ഡോഗ്, തെർമൽ ക്യാമറകൾ എന്നിവ ഉപയോഗിച്ചുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഫെബ്രുവരി ആറിന് ഉണ്ടായ ഭൂചലനത്തില്‍ ആറായിരത്തോളം കെട്ടിടങ്ങളാണ് നിലം പൊത്തിയത്. ഭൂകമ്പത്തിന് ഒരാഴ്ചയ്ക്ക് ശേഷവും തകർന്ന കെട്ടിടങ്ങളിൽ നിന്ന് നിരവധി ആളുകളെ ജീവനോടെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇനിയും നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്തെ താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.
‘ഭൂകമ്പത്തില്‍ തകർന്ന സിറിയൻ നഗരമായ അലപ്പോയിൽ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് പാർപ്പിടം, ഭക്ഷണം, സ്കൂൾ വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്താനാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഭൂചലനത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 37000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ മാത്രം 31,643 പേരും അയല്‍ രാജ്യമായ സിറിയയില്‍ 5,714 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ മരണസംഖ്യ 50000 കടക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. ഭൂചലനത്തില്‍ ജീവന്‍ നഷ്ടമായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.