Thursday, January 23, 2025

ഭീതി പടര്‍ത്തി ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ

ന്യൂസിലന്‍ഡില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഗബ്രിയേല്‍ ചുഴലിക്കാറ്റിനു പിന്നാലെ, പ്രധാനമന്ത്രി ക്രിപ്സ് ഹിപ്കിന്‍സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെളളപ്പൊക്കവും മണ്ണിടിച്ചിലും കടൽക്ഷോഭവും തുടരുന്നതിനാലാണ് നടപടി. നിരവധി ആളുകള്‍ വീടുകളിലെ മേൽക്കൂരകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

“നമ്മൾ കാണുന്ന നാശനഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും ഒരു തലമുറയിലും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല” – പ്രധാനമന്ത്രി പറഞ്ഞു. സൂപ്പർ മാർക്കറ്റുകൾ അടച്ചിട്ടിരിക്കെ, പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങരുതെന്നും ഹിപ്കിൻസ് അഭ്യർത്ഥിച്ചു. ന്യൂസിലൻ‍ഡ് അഭൂതപൂർവ്വമായ കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും അടിയന്തരകാര്യ മന്ത്രി കീറൻ മക്അനുൾട്ടിയും പ്രതികരിച്ചു.

നിലവില്‍ ഗബ്രിയേൽ ചുഴലിക്കാറ്റ് ന്യൂസിലാന്‍ഡിലെ നഗരമായ ഓക്ക്‌ലൻഡിന്റെ തെക്കുകിഴക്കന്‍ തീരത്തേക്ക് നീങ്ങിയതായാണ് വിവരം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഓക്‌ലൻഡിലെ നിരവധി വീടുകളും റോഡുകളും തകർന്ന നിലയിലാണ്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാൽ തുടർച്ചയായി കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്ന ഭയവും അധികൃതർക്കുണ്ട്.

കാലാവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വിമാനങ്ങൾ സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. വെസ്റ്റ് ഓക്‌ലൻഡിൽ രക്ഷാപ്രവർത്തനം നടത്തുന്നിടെ ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവ്വീസ് അറിയിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുന്‍പ് കോവിഡ് മഹാമാരിക്കാലത്തും പിന്നിട് 2019 -ലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ തുടര്‍ന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Latest News