സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ നേര്‍ച്ചയായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍ എന്നിവിടങ്ങളില്‍ അന്നദാനമായോ പ്രസാദമായോ നേര്‍ച്ചയായോ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നു എങ്കില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുത്ത് ഭക്ഷ്യസുരക്ഷ അവലോകനം നടത്തേണ്ടത് ആവശ്യമാണെന്ന് വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ പൂര്‍ണമായ ഒരു ഉത്സവകാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് വകുപ്പ് ഇത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയത്.
കേരളത്തില്‍ നിത്യപൂജയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒന്നിലധികം ഭക്ഷണ സാധനങ്ങള്‍ പ്രസാദമായോ അന്നദാനമായോ നല്‍കാറുണ്ട്. പല ക്രിസ്ത്യന്‍ ദേവലായങ്ങളിലും മുസ്ലീം പള്ളികളിലും നേര്‍ച്ചയൂട്ട്, പെരുന്നാള്‍ ചോറ് എന്നീ പേരുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.