കോയമ്പത്തൂര്‍ കാര്‍ സിലിണ്ടര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ എജന്‍സിയുടെ റെയ്ഡ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലെ അറുപതോളം കേന്ദ്രങ്ങളിലാണ് എന്‍. ഐ. എ സംഘം പരിശോധന നടത്തുന്നത്. റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എ. പുറത്തുവിട്ടിട്ടില്ല.
സ്‌ഫോടന കേസില്‍ കൊല്ലപ്പെട്ട ജമേഷ് മുബീന്‍റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍. ഐ. എ റെയ്‌ഡ് നടത്തുന്നത്. ഐ.എസ് അനുഭാവികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് പരിശോധന. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് പറവൂര്‍, ആലുവ, മട്ടാഞ്ചേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍.ഐ.എ. സംഘത്തിന്‍റെ പരിശോധന.
കോയമ്പത്തൂര്‍ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിനു സമീപമാണ് 2022 ഒക്ടോബറില്‍ സ്ഫോടനം നടന്നത്. ആദ്യഘട്ടത്തില്‍, കാറില്‍ ഉണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നാലെ ജമേഷ് മുബീന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐ.എസ് ബന്ധം പുറത്തായത്.