Monday, November 25, 2024

വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തനവും മുടക്കമില്ലാതെ തുടരുമെന്ന് ബിബിസി

ബി ബി സിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഔദ്യോഗിക പ്രതികരണവുമായി ബി ബി സി. ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയാണെന്നും ഉദ്യോഗസ്ഥരോട് തങ്ങളുടെ ജീവനക്കാര്‍ സഹകരിക്കുന്നുണ്ടെന്നും ബി ബി സി അറിയിച്ചു. തങ്ങളുടെ വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തനവും ഇന്ത്യയില്‍ മുമ്പ് ഉള്ളത് പോലെ തന്നെ തുടരുമെന്നും ബി ബി സി കൂട്ടിച്ചേര്‍ത്തു.

ഓഫീസുകളില്‍ ചില ജീവനക്കാര്‍ ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരോട് അവര്‍ പരമാവധി സഹകരിക്കുന്നുണ്ട്. ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി ബി സി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ബിബിസി ഓഫീസുകളിലെ പരിശോധനകളെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

Latest News