Monday, November 25, 2024

യുഎസില്‍ കുട്ടികള്‍ക്ക് സ്ഥിരതാമസാനുമതി; പ്രായ നിബന്ധനയില്‍ ഇളവ്

കുടിയേറി എത്തുന്നവരുടെ കുട്ടികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള പ്രായ നിബന്ധനയില്‍ ഇളവ് നല്‍കി യുഎസ്. മാതാപിതാക്കള്‍ക്കൊപ്പം എത്തുന്നവരുടെ പ്രായം 21 വയസില്‍ താഴെയായിരിക്കണം എന്ന നിബന്ധനയാണ് ഉദാരമാക്കിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ എത്തുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പരിഷ്കാരമാണ് ഇത്.

യുഎസിലേക്ക് കുടിയേറുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്കുള്ള സ്ഥിരതാമസാനുമതിക്കുള്ള അപേക്ഷ സമര്‍പ്പിക്കണം എന്നതാണ് വ്യവസ്ഥ. എന്നാല്‍ അപേക്ഷയെ തുടര്‍ന്നുള്ള പരിശോധന നടത്തുമ്പോള്‍ കുട്ടികളുടെ പ്രായം 21ല്‍ താഴെയായിരിക്കണം. മാതാപിതാക്കളുടെ വിസാ നമ്പര്‍ അനുവദിച്ചു കിട്ടിയതും അപേക്ഷാ തീയതിയും ചൈല്‍ഡ് സ്റ്റേറ്റസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പരിശോധിച്ച് കുട്ടികളുടെ പ്രായം നിശ്ചയിക്കുകയും അനുമതി നല്‍കുകയുമാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് യുഎസ് ഉദാരമാക്കിയത്.

അതേസമയം, രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് 21 വയസ് കഴിഞ്ഞുപോയതിനാല്‍ സ്ഥിരതാമസാനുമതി നിഷേധിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഭരണകൂടം നയം പുതുക്കിയതോടെ നേരത്തെ തള്ളിയ അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കാനാകും.

Latest News