Monday, November 25, 2024

356 ദിവസങ്ങൾ പിന്നിട്ട് യുക്രൈൻ യുദ്ധം

2022 ഫെബ്രുവരി മാസം 24-ന് ആരംഭിച്ച യുക്രൈൻ-റഷ്യ യുദ്ധം 356 ദിനങ്ങൾ പിന്നിടുമ്പോഴും യുക്രൈനിലെ പല മേഖലകളിലും രക്തച്ചൊരിച്ചിലുകളും, ബോംബാക്രമണങ്ങളും കൂടുതൽ ശക്തി പ്രാപിക്കുകയാണ്.

യുക്രൈൻ-റഷ്യ യുദ്ധം ഓരോ ദിവസവും മുൻപോട്ടു പോകുന്തോറും അതിന്റെ ദുരിതഫലങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. യുദ്ധം തുടങ്ങിയ നാൾ മുതൽ തുടർച്ചയായി വിവിധ മാനുഷിക സംഘടനകൾ ജനങ്ങളുടെ ആശങ്കകളിലും വിഷമതകളിലും കൂടെ നിൽക്കുന്നുണ്ട്. മാനുഷിക ഉപവി പ്രവർത്തനങ്ങൾ വഴിയായും അഭയാർത്ഥിസ്വീകരണം വഴിയായും നിരവധി കത്തോലിക്കാ സംഘടനകളാണ് യുദ്ധമുഖത്തുള്ളത്. വൈദികരും സിസ്റ്റേഴ്സും പള്ളിവക സ്ഥാപനങ്ങളും കോൺവന്റുകളും പാർപ്പിടം നഷ്ടപ്പെട്ടവർക്കായി തുറന്നുകൊടുത്തതും ലോകത്തിന് വലിയ മാതൃകയാണ്.

ഇപ്രകാരം ഒരുവശത്ത് മാനുഷികമായ സഹകരണം ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ മറുവശത്ത് കൂടുതൽ ഭീകരതയുളവാക്കിക്കൊണ്ട് യുദ്ധവും കഠിനമാകുന്നു. ഫെബ്രുവരി പതിമൂന്നു മുതൽ നടന്ന ആക്രമണത്തിൽ ലുഹാൻസ്‌ക്, സപ്പൊരിഷ പ്രവിശ്യകളിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. സപ്പൊരിഷ പ്രവിശ്യയിൽ ഒരു ദിവസം മാത്രം 170 തവണ ആക്രമണം നടക്കുകയും, തത്ഫലമായി ഇരുപതോളം ജനവാസ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.

നാളിതുവരെ സമാധാനം നിലനിന്നിരുന്ന ഖേഴ്സൺ പ്രവിശ്യയിലും കഴിഞ്ഞ ദിവസം 54 തവണ ആക്രമണം അഴിച്ചുവിടുകയും, രണ്ടു പേർ ദാരുണമായി കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ, വീണ്ടും യുക്രൈന്റെ പല പ്രദേശങ്ങളിലും അലാറം മുഴങ്ങിക്കേൾക്കുകയും ആളുകൾ ഷെൽറ്ററുകളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നത് ദാരുണമായ കാഴ്ച്ചയാണ്.

Latest News