ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് അഞ്ച് പേരെ കൂടി ജീവനോടെ കണ്ടെത്തി. തുർക്കിയിലെ തെക്കൻ നഗരമായ കഹ്രാമൻമാരാസ്, അന്‍റക്യ എന്നിവിടങ്ങളില്‍ നിന്നാണ് രക്ഷാപ്രവർത്തകർ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേരെ രക്ഷിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ 228 മണിക്കൂര്‍ മരണത്തെ മുഖാമുഖം കണ്ടു കിടന്നവരാണ് രക്ഷപ്പെട്ടവർ.
“കഹ്രാമൻമാരാസ് പ്രവിശ്യയിലെ ഒരു അപ്പാർട്ട്‌മെന്റ് ബ്ലോക്കിൽ നിന്ന് 74 വയസുള്ള ഒരു വയോധികയെയും 46 വയസുള്ള ഒരു സ്ത്രീയെയുമാണ് കണ്ടെത്തിയത്. തുര്‍ക്കിയിലെ മറ്റൊരു നഗരമായ അന്‍റക്യയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു അമ്മയെയും രണ്ട് കുട്ടികളേയും രക്ഷിച്ചു” – സർക്കാർ ഉടമസ്ഥതയിലുള്ള അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കഹ്രാമൻമാരാസ് പ്രവിശ്യയില്‍ നിന്ന് ചൊവ്വാഴ്ച രണ്ട് സഹോദരന്മാരെയും അന്റാക്യയിൽ നിന്ന് ഒരു സിറിയൻ യുവാവിനേയും യുവതിയെയും രക്ഷപെടുത്തിയിരുന്നു.
പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടേയും അത്യാധുനിക ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ജീവനോടെ കണ്ടെത്തുന്നവരെ ഏറെ പ്രയാസപ്പെട്ടാണ് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നു രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഫെബ്രുവരി ആറിന് തുര്‍ക്കിയെ ആകമാനം കുലുക്കിയ ഭൂകമ്പത്തില്‍ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. കെട്ടിടം തകര്‍ന്നുവീഴുന്നതിനിടെ കാര്യമായി പരിക്കേല്‍ക്കാത്തവരാണ് ഭുചലനത്തെ അതിജീവിച്ചതെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
അതിനിടെ, തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരണം 41,000 കവിഞ്ഞു. തുര്‍ക്കിയില്‍ 35,418 ഉം സിറിയയില്‍ 5,800 ഉം മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഒന്‍പതു ദിവസത്തിനു ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്നും പുനര്‍നിര്‍മ്മാണങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. നിലവില്‍ 1,05,000 -ത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. 13,000 -ത്തിലേറെ പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.