Tuesday, November 26, 2024

59 മണിക്കൂറുകള്‍; ബിബിസി ഓഫീസുകളില്‍ 3 ദിവസമായി തുടരുന്ന പരിശോധന പൂര്‍ത്തിയായി

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന അവസാനിച്ചു. 59 മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കാണ് വ്യാഴാഴ്ച രാത്രിയോടെ വിരാമമായത്. ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയതായി ബിബിസിയും ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്.

സര്‍വേയ്ക്ക് ഇടയില്‍ വച്ച് ശേഖരിച്ച രേഖകളും ഡാറ്റകളും ഐ.ടി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ സര്‍വ്വേ മൂന്ന് ദിവസത്തിന് ശേഷമാണ് പൂര്‍ത്തിയായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.

സര്‍വ്വേ നടത്താനുള്ള അനുമതി തേടിയതിന് ശേഷമാണ് പരിശോധന ആരംഭിച്ചതെന്ന് ഐടി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്ത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പലരുടെയും ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പരിശോധനയുമായും തുടരന്വേഷണവുമായും പൂര്‍ണമായും സഹകരിക്കുമെന്നാണ് ബിബിസിയുടെ പ്രതികരണം.

Latest News