വംശീയ വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍. വംശീയ വിവേചനം നേരിട്ടുവെന്ന പരാതി ലഭിച്ചാല്‍ ടീമുകളുടെ പോയിന്റ് വെട്ടി കുറയ്ക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
വംശീയതയ്‌ക്കെതിരെ ഒരു ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമായാണ്. പുതിയ നിയമത്തിന് ബ്രസീല്‍ ആഭ്യന്തര ലീഗിലെ 20 ക്ലബുകളും അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വംശീയാധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ കളിക്കകത്തു മാത്രം ഒതുക്കുകയില്ലെന്നും സിവില്‍ പോലീസ് അടക്കമുള്ള അധികൃതരെ സംഭവങ്ങള്‍ അറിയിക്കുമെന്നും ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ടീമുകളുടെ ആരാധകരുടെ ഭാഗത്തുനിന്നുള്ള പിഴവുകള്‍ക്ക് ക്ലബുകള്‍ക്ക് മേല്‍ നടപടിയുണ്ടാകുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. പോയിന്റ് കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ക്ലബുകള്‍ക്ക് നേരിടേണ്ടിവരും. ഈ തീരുമാനം ബ്രസീലിയന്‍ ക്ലബിനും ബാധകമായിരിക്കും.