Monday, November 25, 2024

തുര്‍ക്കിയിലും സിറിയയിലും അന്താരാഷ്ട്ര ഏജൻസികൾ സഹായമെത്തിക്കും

ഭൂകമ്പം കനത്തനാശം വിതച്ച തുര്‍ക്കിയിലും, സിറിയയിലും ഭവനരഹിതരായവര്‍ക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര ഏജൻസികൾ ശക്തമാക്കുന്നു. ഭൂചലനത്തെ അതിജീവിച്ചവര്‍ ടെന്റുകളിലും, താത്കാലിക ഇടങ്ങളിലും തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര എജന്‍‍സികളുടെ അടിയന്തര ഇടപെടല്‍.

തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും അതിശൈത്യം തുടരുകയാണ്. എന്നാല്‍ ഭൂചലനത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് ഇനിയും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളും മുതിര്‍ന്നവരും ടെന്‍റുകളിലും, പള്ളികളിലും കഴിഞ്ഞു കൂടുന്നു. ഇവര്‍ക്കു ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും എത്തിക്കുന്നതിനുള്ള പ്രതിസന്ധി തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര ഏജൻസികള്‍ സഹായത്തിന് ഒരുങ്ങുന്നത്.

അതേസമയം, രക്ഷാപ്രവര്‍ത്തനം തുടരുന്ന തുര്‍ക്കിയില്‍ ഏതാനും പേരെയെങ്കിലും ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ കഹ്റാമന്‍മറാഷിനു സമീപമുള്ള കയാബാസയില്‍ നിന്നു 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷിച്ചു. അലെയ്ന ഓല്‍മെ എന്ന പെണ്‍കുട്ടി ഭക്ഷണവും വെള്ളവുമില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞത് 248 മണിക്കൂര്‍ ആണ്. പിന്നാലെ നെസ്ലിഹാൻ കിലിക് എന്ന യുവതിയേയും, തുര്‍ക്കിയിലെ അന്‍റാക്യയില്‍ നിന്നു രണ്ട് മക്കള്‍ക്കൊപ്പം ഇല എന്ന വിദേശ വനിതയേയും ജീവനോടെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

എന്നാല്‍, ദുരന്തം സംഭവിച്ച് പതിനൊന്നു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണസംഖ്യ 43,000 ആയി ഉയര്‍ന്നു. തുര്‍ക്കിയില്‍ മാത്രം 38,044 ഉം അയല്‍രാജ്യമായ സിറിയയില്‍ 5,800 ഉം പേരും മരിച്ചതായാണ് ഇതുവരെയുള്ള കണക്കുകള്‍.

Latest News