Tuesday, November 26, 2024

അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

ഗര്‍ഭനിരോധനത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറങ്ങിയിട്ടില്ലെങ്കിലും ഫാര്‍മസികളിലെത്തി താലിബാന്‍സേന നിര്‍ദേശം നല്‍കുന്നുണ്ട്. ഇതൊക്കെ പാശ്ചാത്യ സംസ്‌കാരമാണെന്നും അവയൊന്നും അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കരുതെന്നുമാണ് താലിബാന്‍ പ്രതിനിധികള്‍ കടയുടമകളോട് പറഞ്ഞത്.

2021 ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത്.

നേരത്തെ ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ നിരോധിച്ച താലിബാന്‍ ഇപ്പോള്‍ അവരുടെ ശരീരവുമായി ബന്ധപ്പെട്ട അവകാശങ്ങളും നിഷേധിക്കുകയാണെന്ന് അഫ്ഗാന്‍ വംശജയായ സാമൂഹിക പ്രവര്‍ത്തക ഷബ്നം നസീമി പ്രതികരിച്ചു.

 

 

Latest News