രണ്ടാഴ്ച മുന്‍പ് കനത്ത നാശനഷ്ടം വിതച്ച ഭൂചലനത്തിനു പിന്നാലെ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.
തുര്‍ക്കി-സിറിയ അതിര്‍ത്തിയായ തെക്കന്‍ ഹതായ് പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. മേല്‍മണ്ണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ ഏജന്‍സി അറിയിച്ചു. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്റെപില്‍ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇത്. സംഭവത്തില്‍ മൂന്നു പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 6 -ന് പുലര്‍ച്ചെ തുര്‍ക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിക്കുമ്പോഴാണ് വീണ്ടും ഭൂചലനം ഉണ്ടായത്. ആദ്യ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ഏകദേശം 40,500 -ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അയല്‍രാജ്യമായ സിറിയയില്‍ 5,800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.