മൂന്ന് ദിവസത്തെ യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാന് കടലിലേക്കു ഹ്രസ്വദൂര മിസൈല്‍ പ്രയോഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത വ്യോമാഭ്യാസം നടത്തിയതി 48 മണിക്കൂറിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ഇതേതുടര്‍ന്ന് അടിയന്തിരമായി യു എന്‍ രക്ഷാ സമിതി വിളിക്കാന്‍ ജപ്പാന് ആവശ്യമുന്നയിച്ചു.
രണ്ട് മിസൈലുകളും പരമാവധി 100 കിലോമീറ്ററും 50 കിലോമീറ്ററും ഉയരത്തിലെത്തി ജപ്പാന്റെ വ്യാവസായിക മേഖലയ്ക്ക് പുറത്ത് പതിച്ചതായി ജപ്പാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ജപ്പാന് വ്യക്തമാക്കി.
യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം ആരംഭിച്ചത്. ഇന്നലെ വിക്ഷേപിച്ച മിസൈല്‍ ജപ്പാനിലെ ഒഷിമ ദ്വീപിനു 200 കിലോമീറ്റര്‍ അകലെ കടലിലാണ് പതിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശമുണ്ടായിട്ടില്ലെന്നു ജപ്പാന് അറിയിച്ചു. യുഎസ് വരെ എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ മുമ്പ് പരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം പരീക്ഷിച്ച മിസൈലും ഇതേ ശേഷിയുള്ളതാണ്. യുഎസുമായി ചേര്‍ന്നാണ് ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്തിവരുന്നത്. ഈ വര്‍ഷം മാത്രം ഈ കൂട്ടുകെട്ട് 20 സൈനിക അഭ്യാസങ്ങള്‍ നടത്തിയെന്ന് ഉത്തരകൊറിയ ആരോപണം
ഉന്നയിച്ചിരുന്നു. 2022-ല്‍ 70-ലധികം മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. ഇത്തരം ആയുധ പരീക്ഷണങ്ങളില്‍ പലതും യുഎസ്-ദക്ഷിണ കൊറിയന്‍ സൈനികാഭ്യാസങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നുവെന്നാണ് ഉത്തരകൊറിയയുടെ വാദം.