ബ്രസീലിലെ സാവോ പോളോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാല്‍പതായി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായതായും ഏഴു വയസുകാരിയടക്കം 36 പേർക്കു ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാവോ സെബാസ്റ്റിയാവോയിൽ മാത്രം 50 -ഓളം വീടുകളാണ് മണ്ണിനടിയിലായത്. ബ്രസീലിലെ കാർണിവൽ അവധിക്കാലമായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്തെ ബീച്ചുകളില്‍ ഒഴുകിയെത്തിയിരുന്നത്. അതിനാല്‍ പ്രകൃതിദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രളയ ബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ വർധിത വീര്യത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യത്തിന്റെ രണ്ട് വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിനും വലിയ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ഇനി വീടുകൾ നിർമ്മിക്കരുതെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ നാശം വിതച്ച സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.