Wednesday, November 27, 2024

രാജ്യത്തെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ വലിയ കുറവാണുള്ളത്. രാജ്യത്ത് വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പല സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ല.

ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ സംസ്ഥാനങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഏറ്റവും താഴ്ന്ന നിലയിലുള്ളത്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഈ പ്രതിസന്ധിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറവാണെങ്കിലും, ഹരിയാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് മികച്ച നിലയിലാണ്.

ഇന്ത്യയിലെ എട്ട് ശതമാനത്തോളം സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്ളത്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ഒരു അധ്യാപകന്‍ മാത്രമുള്ള സ്‌കൂളുകളുടെ എണ്ണം കൂടുതല്‍. ഏറ്റവും കുറവ് ഏക അധ്യാപക വിദ്യാലയങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. 310 ഏക അധ്യാപക വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്.

രാജ്യത്തെ നാലിലൊന്ന് സ്‌കൂളുകളില്‍ മാത്രമേ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കുന്ന ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കാനും അധികൃതര്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.

 

Latest News