ഉത്തരാഖണ്ഡിലെ ജോഷിമഠിനു സമാനമായി കണ്ണൂര്‍ പാത്തന്‍പാറയിലും ഭൂമിയില്‍ വിള്ളലുകള്‍ കണ്ടെത്തി. സ്ഥലത്തു വിള്ളലുകള്‍ രൂപപ്പെട്ടതായി നാട്ടുകാരാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പിന്നാലെ ജിയോളജി വകുപ്പടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
പാത്തന്‍പാറയില്‍ ഏകദേശം ഒന്നര ഏക്കറോളം സ്ഥലത്താണ് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. അതീവ പരിസ്ഥിതിലോല മേഖലയായ പാത്തന്‍പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയോട് ചേര്‍ന്നാണ് വിള്ളലുകള്‍. ക്വാറിക്ക് മുകളിൽ ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് നിലവില്‍ വിള്ളൽ വീണിരിക്കുന്നത്. പ്രദേശത്ത് വിള്ളൽ രൂപപ്പെട്ടതോടെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്.
പരിസ്ഥിതി ലോല മേഖലയായ സ്ഥലത്ത് ക്വാറിക്ക് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.