Tuesday, November 26, 2024

യു.എസ്. – റഷ്യ ആണവക്കരാര്‍ മരവിപ്പിച്ച് പുടിന്‍; കാരണം ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം

യു.എസും റഷ്യയും തമ്മിലുണ്ടാക്കിയ ആണവായുധ നിയന്ത്രണക്കരാറുകളില്‍ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം തത്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അപ്രതീക്ഷിതമായി യുക്രൈന്‍ സന്ദര്‍ശിച്ച് 50 കോടി ഡോളറിന്റെ ആയുധങ്ങള്‍കൂടി വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ഇത്.

അതേസമയം, റഷ്യയ്ക്കെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്ന ആരോപണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തള്ളിക്കളഞ്ഞു. പോളണ്ടിലെ വാഴ്സയില്‍ നടന്ന
ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ ശക്തമായ ആക്രമണത്തിനിടയിലും യുക്രൈന്‍ സ്വതന്ത്ര രാജ്യമായി തുടരുന്നുവെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരായ യുദ്ധം റഷ്യയ്ക്ക് ഒരിക്കലും വിജയമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവയുദ്ധം തടയുക എന്ന ഉദ്ദേശ്യത്തോടെ 2010-ല്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദെവും ഉണ്ടാക്കിയതാണ് ന്യൂ സ്റ്റാര്‍ട്ട് കരാര്‍. ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളെന്ന നിലയിലാണ് യു.എസും റഷ്യയും ഇങ്ങനെയൊരു കരാറുണ്ടാക്കിയത്.

 

 

 

 

Latest News