സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ മാറ്റി. ഈ മാസം 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മോഡല്‍ പരീക്ഷകളാണ് വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ച് നാലിലേക്കു മാറ്റിയത്. മറ്റു ദിവസങ്ങളിലെ മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയാണ് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷ നിശ്ചയിച്ചിരുന്നത്. 28ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് ഹിന്ദി എന്നിങ്ങനെയും ടൈംടേബിള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഫെബ്രുവരി 28 ന് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പരീക്ഷ നടത്തിപ്പ് ദുഷ്കരമാകും എന്ന വിലയിരുത്തലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റുകയായിരുന്നു.
എസ്എസ്എല്‍സി പൊതു പരീക്ഷ 2023 മാര്‍ച്ച് 9 ന് ആരംഭിച്ച് മാര്‍ച്ച് 29 ന് അവസാനിക്കുന്ന രീതിയിലും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 2023 മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30നാണ് പരീക്ഷകള്‍ നടത്തുക.