Monday, November 25, 2024

കാരവാനുകളില്‍ സഞ്ചരിച്ച് കേരളം കാണാം; സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കിന് തുടക്കമായി; പ്രത്യേകതകള്‍ ഇവയൊക്കെ

വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകള്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. കോവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നു. ചുരുക്കി പറഞ്ഞാല്‍ കേരളത്തിന്റെ പ്രകൃതി മനോഹാരിത ഇനി സുരക്ഷിതമായി കാരവാനില്‍ സഞ്ചരിച്ചുകൊണ്ട് ആസ്വദിക്കാം. അഡ്രാക് എന്ന സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ക്രമീകരിച്ച പാര്‍ക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാരവാനിലെത്തിയാണ് ഉദ്ഘാടനം ചെയ്തത്.

കോവിഡ് മൂലം പുറത്തിറങ്ങാന്‍ മടിക്കുന്ന സഞ്ചാരികള്‍ക്ക് കാരവാനുകളില്‍ സഞ്ചരിച്ച് അതില്‍ തന്നെ താമസിച്ച് കേരളം കാണാനുള്ള അവസരം ഒരുക്കാനാണ് കാരവാന്‍ ടൂറിസം പദ്ധതി. ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകളുപയോഗിച്ച് യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള, ഷവര്‍ സൗകര്യങ്ങളുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി, ആധുനിക വാര്‍ത്താവിനിമയ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനിലുണ്ടാകും.

സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകള്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാന്‍ പാര്‍ക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പകല്‍ യാത്ര ചെയ്ത് സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം. രണ്ടു കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വാഗമണില്‍ നിലവിലുള്ളത്. പടിപടിയായി വികസിപ്പിച്ച് 12 വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുളള സൗകര്യമാക്കും. കാരവാനുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വെള്ളം നിറക്കാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പ് ഫയറിനുള്ള സൗകര്യവും ഒരുക്കി.

ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവന്‍ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നത്. 50 സെന്റ് ഭൂമിയാണ് കാരവന്‍ പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവന്‍ അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേര്‍ക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ 5 ശതമാനം എന്നിങ്ങനെ സബ്‌സീഡി വിനോദസഞ്ചാര വകുപ്പ് നല്‍കുന്നുണ്ട്.

കേരളത്തിലെ പ്രകൃതിരമണീയമായ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവന്‍ ടൂറിസത്തിന്റെ ഭാഗമാണ്. നെല്‍വയല്‍, കൃഷി, ജലസംഭരണി, ഉള്‍നാടന്‍ മല്‍സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍, കലാകാരന്‍മാര്‍, കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇനി കാരവനില്‍ സഞ്ചരിച്ചും താമസിച്ചും ഭക്ഷണംകഴിച്ചും ഉറങ്ങിയും വാഗമണിന്റെയും കേരളത്തിന്റെയും സൗന്ദര്യം ആസ്വദിക്കാം.

 

Latest News