യുദ്ധം സൃഷ്ടിച്ച രാഷ്ട്രീയ സഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്രൂഡ് ഓയിലിന് പിന്നാലെ അസംസ്കൃത സ്റ്റീലും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യ. 281,000 ടണ്‍ അസംസ്കൃത സ്റ്റീലാണ് നടത്തിപ്പ് സാമ്പത്തിക വര്‍ഷം റഷ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചത്. 2022 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പടുത്തിയതിന് ശേഷം ഏഷ്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി വര്‍ദ്ധിച്ചിരുന്നു.
അസംസ്കൃത സ്റ്റീല്‍ ഉത്പാദനത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. നിലവിലെ വിലയില്‍ നിന്നും 22 ശതമാനത്തോളം വിലകുറച്ചാണ് റഷ്യയില്‍ നിന്നും സ്റ്റീല്‍ ഇന്ത്യയിലെത്തുന്നത്. ഇത് സ്റ്റീല്‍ ഉപകരണങ്ങളുടെ ഉത്പാദനത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എച്ച്ആര്‍സിയുടെ ഇറക്കുമതിയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഇന്ത്യന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും നേട്ടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.