തുര്‍ക്കി-സിറിയ ഭൂചലനത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. താജിക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
താജിക്കിസ്ഥാനിൽ പ്രാദേശികസമയം 8.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ ഉറവിടം. താജികിസ്ഥാനിലെ മുര്‍ഗോബ് നഗരത്തില്‍നിന്ന് 109 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. രാജ്യതലസ്ഥാനമായ താജികിസ്ഥാനില്‍നിന്ന് 345 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് എത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സരെസ് തടാകത്തില്‍നിന്ന് 22 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് താജികിസ്ഥാന്റെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സമിതി അറിയിച്ചു. 1911ലുണ്ടായ ഭൂകമ്പത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് സരെസ് തടാകം. ഈ മേഖലയില്‍ ശക്തമായ ഭൂകമ്പങ്ങളുണ്ടായാല്‍ അണക്കെട്ടുകള്‍ പൊട്ടുന്നതുള്‍പ്പെടെ കനത്ത നാശങ്ങളുണ്ടായേക്കാം.
അതേസമയം, ഇന്ന് രാവിലെ 6.07 ഓടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായത്.