വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വൃദ്ധന് ഉള്‍പ്പെടെ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പലസ്തീന് പോരാളികളുടെ ഒളിസങ്കേതമെന്ന് ആരോപിച്ച് നബ്ലസിലെ വീട്ടിലേക്ക് ഇസ്രയേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, വീടിന് വെളിയില്‍നിന്ന് പിടികൂടിയാണ് എഴുപത്തിരണ്ടുകാരനെ വെടിവച്ചുകൊന്നതെന്ന് പലസ്തീന് അധികൃതര്‍ ആരോപിച്ചു. മണിക്കൂര്‍ നീണ്ട വെടിവയ്പില്‍ നൂറിലധികം പേര്‍ക്ക് വെടിയേറ്റു.
ഈ വര്‍ഷം ഇതുവരെ അമ്പതിലേറെ പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം വധിച്ചത്. പലസ്തീന്‍കാര്‍ നടത്തിയ ആക്രമണത്തില്‍ 11 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു.
കവചിത വാഹനങ്ങളിലെത്തിയ ഇസ്രായേല്‍ സേന നാബ്ലസ് പട്ടണത്തിലെ വീട് വളഞ്ഞ് റെയ്ഡ് നടത്തുന്നതിനിടെയാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്. ലയണ്‍സ് ഡെന്‍, ബലാറ്റ ബ്രിഗേഡ് എന്നീ സായുധ സംഘടനകള്‍ ഇസ്രായേല്‍ സേനയ്ക്കെതിരേ പ്രത്യാക്രമണം നടത്തിയതോടെ നഗരം യുദ്ധകളമായി മാറി.
ഇസ്രായേല്‍ സേനയുടെ കവചിത വാഹനങ്ങള്‍ക്ക് നേരേ ജനങ്ങള്‍ കല്ലേറ് നടത്തിയിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. നാബ്ലസ് പട്ടണത്തില്‍ ഒരു ഓപറേഷന് നടത്തുകയാണെന്ന് മാത്രമാണ് അധികൃതര്‍ നല്കിയ വിവരം. ഇസ്രായേല്‍ സൈനികര്‍ ഏകപക്ഷീയമായി വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ വിവരിച്ചതായി നബ്ലസില് നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു.