കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തലപ്പത്തേക്ക് പ്രശസ്ത സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാനെ നിയമിച്ചത്.
മിര്‍സയേപ്പോലൊരു ചലച്ചിത്രപ്രതിഭയുടെ സാന്നിധ്യം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്നും, ദേശീയ തലത്തിലെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മുന്‍പ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആയിരുന്നു സായിദ് അക്താർ. നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2021 ലെ കേരള സംസ്ഥാന പുരസ്‌കാര നിർണയ ജൂറി ചെയർമാനുമായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളോട് ജാതീയമായ വിവേചനം കാണിച്ചെന്ന് ചൂണ്ടികാട്ടിയാണ് ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ഡയറക്ടറും രാജിവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ കാണിച്ചതെന്നും രാജി അറിയിച്ചുകൊണ്ട് അടൂര്‍ പറഞ്ഞു.