ബഹിരാകാശ വാഹനത്തിലെ ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന് ഫ്രാന്‍സിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്. ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ സഞ്ചരിച്ച സോയൂസ് എംഎസ് 22 വാഹനത്തിലാണ് ചോര്‍ച്ചയുണ്ടായത്.
മൂന്ന് ബഹിരാകാശ യാത്രികരെയും തിരികെ എത്തിക്കാന്‍ റഷ്യന്‍ ബഹിരാകാശ പേടകം അന്തരാഷ്ട്ര നിലയത്തിലേക്ക് പുറപ്പെട്ടു. ഇതിനായി സോയൂസ് എംഎസ് 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ച കസാക്കിസ്താനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചു. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തിയ സോയൂസ് എംഎസ് 23 ലെ മൂന്ന് പേരും സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് മടങ്ങുക. ബഹിരാകാശ പാറ കഷണം ഇടിച്ചാണ് സോയൂസ് എംഎസ് 22ന് തകരാര്‍ സംഭവിച്ചത്.