ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചതിനു പിന്നാലെ മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെതിരെ വധഭീഷണിയുമായി ഇറാന്‍. ഉന്നത ഇറാനിയന്‍ കമാന്‍ഡറെ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഭീഷണി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡറാണ് വധഭീഷണി മുഴക്കിയത്.
‘ദൈവം അനുവദിച്ചാല്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞങ്ങൾ വധിക്കും, മുന്‍ മൈക്ക് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയും സുലൈമാനിയെ കൊല്ലാന്‍ ഉത്തരവിട്ട സൈനിക കമാന്‍ഡര്‍മാരും വധിക്കപ്പെടണം,’ – റവല്യൂഷണറി ഗാര്‍ഡ്സ് എയ്റോസ്പേസ് ഫോഴ്സിന്റെ തലവനായ അമീറലി ഹാജിസാദെ പറഞ്ഞു. ഇറാനിയന്‍ നേതാക്കള്‍ പ്രതികാരം ചെയ്യുമെന്ന് ഇതിന് മുന്‍പും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
2020 ല്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ വച്ച് ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് യുഎസ് സേനയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ പാവപ്പെട്ട സൈനികരെ കൊല്ലാന്‍ ഇറാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹാജിസാദെ പറഞ്ഞിരുന്നു.
അതേസമയം, 1,650 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മിസൈല്‍ ആയുധപ്പുരയില്‍ ഉള്‍പ്പെടുത്തിയതായും ഹാജിസാദെ വ്യക്തമാക്കി. അമേരിക്കയുടെ എതിര്‍പ്പും യൂറോപ്യന്‍ രാജ്യങ്ങളുടെ ആശങ്കയും അവഗണിച്ചാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുള്‍പ്പെടെ മിസൈല്‍ പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. യുക്രൈയ്‌നിലെ യുദ്ധത്തിന് മുമ്പ് മോസ്‌കോയ്ക്ക് ഡ്രോണുകള്‍ നല്‍കിയിരുന്നതായി ഇറാന്‍ പറഞ്ഞു. പവര്‍ സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് റഷ്യ ഡ്രോണുകള്‍ ഉപയോഗിച്ചത്. ഇറാന്‍ ഒരു ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുത്തതായി സംശയമുണ്ടെന്ന് അമേരിക്കയുടെ പ്രതിരോധസേന പെന്റഗണ്‍ നവംബറില്‍ പറഞ്ഞിരുന്നു.