Tuesday, November 26, 2024

‘സൈനികര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയുന്നില്ല’; പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചതായാണ് വിവരം.

ഇതു സംബന്ധിച്ച ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ (ക്യുഎംജി) ഓഫീസിലേക്ക് കത്തുകള്‍ അയച്ചതായാണ് വിവരം. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പവും ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെയും തുടര്‍ന്ന് സൈനികര്‍ക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ല്‍ ഓപ്പറേഷന്‍ സര്‍ബ്-ഇ-അസ്ബ് സമയത്ത് മുന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അംഗീകരിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം സാമ്പത്തിക പ്രതിന്ധിക്ക് നടുവിലാണ് പാകിസ്ഥാന്‍. പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ചെലവു ചുരുക്കല്‍ നടപടികള്‍ പാകിസ്ഥാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Latest News