ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ സ്വീകരിച്ച നിക്ഷ്പക്ഷ നിലപാടിന് നന്ദിയര്‍പ്പിച്ച് റഷ്യ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ പിന്തുണ തേടി യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. യുഎന്‍ സമിതിയില്‍ റഷ്യക്കെതിരായ പ്രമേയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ റഷ്യ പുകഴ്ത്തിയതിനു പിന്നാലെയായിരുന്നു സെലന്‍സ്കി ഫോണില്‍ മോദിയെ വിളിച്ചത്. സെലന്‍സ്കി തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.
റഷ്യന്‍ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈന് പ്രസിഡന്റ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടെണമെന്നും വ്ളാദിമിര്‍ സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ എത്തിയതായി വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയില്‍ പിന്തുണ നല്‍കാനും ഇന്ത്യയോട് യുക്രൈന് അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്. യുക്രെയ്നില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രി സെലന്‍സ്കിയുമായി പങ്കുവച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.