ദീർഘകാലം മൊബൈൽ ഫോൺ വിപണി അടക്കിവാണ ‘നോക്കിയ’യുടെ ബ്രാന്‍ഡ് ലോഗോ മാറ്റി. ഇതു സംബന്ധിച്ച പ്രഖ്യാപനം കമ്പനി മേധാവി പെക്ക ലണ്ട്മാര്ക്കാണ് നടത്തിയത്. ആറു പതിറ്റാണ്ടു നീണ്ട കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലോഗോയിൽ മാറ്റം വരുത്തിയിരിക്കുന്നത്.
നോക്കിയ (Nokia) എന്ന വാക്കിലെ അഞ്ച് ഇംഗ്ലീഷ് അക്ഷരങ്ങളിലും അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്രാൻഡ് ഐഡന്റിറ്റി തന്നെ മാറ്റാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് നോക്കിയ ലോഗോ മാറ്റം എന്നാണ് വിവരം. പഴയ ലോഗോയിൽ നീല നിറം മാത്രമാണ് ഉപയോഗിച്ചിരുന്നത്. പുതിയ ലോഗോയിൽ ആവശ്യാനുസരണം നിറം മാറ്റി ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്മാർട്ട് ഫോൺ യുഗത്തിന്റെ കുതിപ്പിൽ തളർന്ന നോക്കിയയുടെ തിരിച്ചുവരവിനുളള ശ്രമങ്ങളുടെ തുടക്കമെന്ന നിലയിലാണ് ലോഗോ മാറുന്നത്. ഒരു സ്മാർട്ട് ഫോൺ കമ്പനി എന്നതില്‍ നിന്നു മാറി ബിസിനസ് ടെക്നോളജി കമ്പനി എന്ന നിലയിലേക്കുള്ള മാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നു മുതൽ ബാഴ്സലോണയിൽ ആരംഭിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിനു ന്നോടിയായാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയമായ കാര്യം.