കിഫ്ബി വഴി 9000 കോടിരൂപ കടമെടുക്കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കിഫ്ബി അടക്കമുളള സ്ഥാപനങ്ങള്‍ വഴിയെടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കിഫ്ബി വഴിയുള്ള വായ്പെയെടുപ്പ്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി 12,562 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. എന്നാല്‍ ഈ കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിന് പിന്നാലെ കിഫ്ബിയുടെ വായ്പയെ സര്‍ക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കത്തിന്മേല് അനുകൂല തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
23,095 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി കിഫ്ബി ഇതുവരെ ചെലവിട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി യോഗം 5,681 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്കി. 64 പദ്ധതികള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.