Monday, November 25, 2024

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം; രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ ക്ഷമ ചോദിച്ച് പ്രസിഡന്റ് എര്‍ദോഗന്‍

തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി യെസില്‍യുര്‍ത്ത് മേയര്‍ വ്യക്തമാക്കി.

ഇതിനിടെ ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ ക്ഷമ ചോദിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ രംഗത്തെത്തി. ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

രക്ഷാപ്രവര്‍ത്തനം വൈകുന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പ്രദേശവാസികളില്‍ നിന്ന് ഏര്‍ദോഗന്‍ ഏറ്റുവാങ്ങിയത്. ‘ഭൂചലനത്തിന്റെ പ്രത്യാഘാതവും മോശം കാലാവസ്ഥയും കാരണം ആദ്യ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ വിചാരിച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. ഇതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’, എര്‍ദോഗന്‍ പറഞ്ഞു.

ഫെബ്രുവരി ആറിന് ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി 48,000 പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വന്‍ നാശം വിതച്ച ഭൂകമ്പം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഭൂചലനമുണ്ടായത്.

കഴിഞ്ഞ ഭൂകമ്പങ്ങളില്‍ കേടുപാട് സംഭവിച്ച നിരവധി കെട്ടിടങ്ങള്‍ പുതിയ ഭൂചലനത്തില്‍ തകര്‍ന്നെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News