ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നില്‍ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ടിക് ടോക് ഒരു ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനായതിനാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാം എന്ന ആശങ്കയും നിരോധനത്തിന് പിന്നിലുണ്ട്. കനേഡിയന്‍ പൗരന്മാരെ സുരക്ഷിതരാക്കുന്നതിന് സ്വീകരിച്ച നടപടികളില്‍ ആദ്യത്തേതാണ് ടിക് ടോക് നിരോധനം. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരോധനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. ഇതോടുകൂടി കനേഡിയന്‍ പൗരന്മാര്‍ക്ക് ടിക് ടോക് ഭാവിയിലുള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാതെ വരും.
ടിക് ടോക്കിന്റെ വിവര ശേഖരണ രീതികള്‍ ഉപയോക്താവിന്റെ ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തുമെന്ന് കാനഡയിലെ ട്രഷറി ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രീകൃത വിവരങ്ങള്‍ ചോര്‍ന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രഷറി ബോര്‍ഡ് പ്രസിഡന്റ് മോണ ഫോര്‍ട്ടിയര്‍ വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരില്‍ നിന്നുമുള്ള പ്രതിരോധ മാര്‍ഗ്ഗം എന്ന നിലയില്‍ മാത്രമാണ് ടിക് ടോക് ബാന്‍ ചെയ്തിരിക്കുന്നത്.