റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ ചെലവുകള്‍ അംബാനി വഹിക്കണം. ഇന്ത്യക്ക് അകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്നാണ് ഉത്തരവ്. ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്‌സാനുദ്ദീന്‍ അമാനുളള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുളളത്. അംബാനിയുടെ ഇസെഡ് പ്ലസ് സുരക്ഷ മഹാരാഷ്ട്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. തുടര്‍ച്ചയായുളള സുരക്ഷ ഭീഷണി മൂലം മുകേഷിനും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയില്‍ വാദമുയര്‍ന്നു.