Monday, November 25, 2024

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 26 മരണം

ഏഥന്‍സ്‌: ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടമായതായി സ്ഥിരീകരിച്ചു. 85 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർദ്ധരാത്രി ടെബെയില്‍ ലാറിസ്സയില്‍ വച്ചാണ് അപകടമുണ്ടായത്.

ചരക്കുമായി വന്ന തീവണ്ടിയിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രഥമിക വിവരം. അപകട സമയം തീവണ്ടിയിൽ 350 ഓളം പേര്‍ ഉണ്ടായിരുന്നതായും ഇതിൽ 250 ഓളം പേർ സുരക്ഷിതരാണെന്നും പ്രദേശിക ഭരണകൂടം അറിയിച്ചു. പാസഞ്ചർ ട്രെയിന്‍ പൂർണമായും തകർന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിനു പിന്നാലെ പാസഞ്ചർ ട്രെയിനിലെ ആദ്യ മൂന്ന് കോച്ചുകളിൽ തീ പടരുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. സ്ഥലത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

എന്നാല്‍, പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണ സംഖ്യ വീണ്ടും ഉയരാനാണ് സാധ്യത. അപകടത്തിന്റെ കാരണം എന്തെന്നും വ്യക്തമല്ല.
അപകടത്തെ തുടര്‍ന്ന് നിരവധി കോച്ചുകള്‍ പാളം തെറ്റുകയും മൂന്നു കോച്ചുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചതായും തെസ്സാലി ഗവര്‍ണര്‍ കോണ്‍സ്റ്റാന്‍റിനോസ് അഗോറസ്റ്റോസ് വ്യക്തമാക്കി. രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ തീവ്രത രക്ഷാപ്രവർത്തനത്തിന് തടസ്സമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News