രാജ്യത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കുകയാണ്. പല പ്രദേശങ്ങളിലും ചൂട് കൂടിയത് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നാല്‍ മറ്റൊരു പവര്‍ കട്ട് നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജ്യം.
122 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു കഴിഞ്ഞ വേനല്‍കാലത്തേത്. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് കരകയറാന്‍ വ്യവസായങ്ങളും കനത്ത ചൂടിനോട് പോരാടാന്‍ ജനങ്ങളും ഏറെ കഷ്ടപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ പല പ്രദേശങ്ങളിലും താപനില സാധാരണയേക്കാള്‍ കൂടുതലായി 11 ഡ്രിഗിയോളം സെല്‍ഷ്യസ് ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് രാജ്യത്തെ കര്‍ഷകരോട് ഗോതമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളില്‍ ചൂട് കൂടുന്നതിന്റെ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വേനല്‍ പതിവിലും നേരത്തെ ആരംഭിച്ചത് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപയോഗവും എ.സി ഉള്‍പ്പെടെയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗവും കൂടാനിടയാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ വൈദ്യുതി തടസങ്ങള്‍ക്ക് ശേഷം ഇത് രാജ്യത്തിന്റെ ഊര്‍ജ്ജ ശൃംഘലയെ അവതാളത്തിലാക്കുമെന്ന് ആശങ്കയുണ്ട്. പവര്‍കട്ടുകള്‍ ഒഴിവാക്കുന്നതിനായി വേനല്‍കാലത്ത് ഇറക്കുമതി ചെയ്ത കല്‍ക്കരികള്‍ ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളോട് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണ ക്ഷമതയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര കല്‍ക്കരി വിതരണ മേഖലയിലെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കും.