രാജ്യത്തെ മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ഫെബ്രുവരി 16, 27 തീയതികളിലായി മൂന്നു സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിന്‍റെ ഭാഗമായി സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് 11.30 – ഓടുകൂടി തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം തെളിയും.
കാല്‍ നൂറ്റാണ്ട് ത്രിപുര ഭരിച്ച ഇടതു കോട്ട തകര്‍ത്തു, കഴിഞ്ഞ തവണ അധികാരം പിടിച്ചെടുത്ത ബിജെപി തുടര്‍ ഭരണമാണ് ലക്ഷ്യമിടുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോര്‍ത്തതും നിര്‍ണ്ണായകമാണ്.