Monday, November 25, 2024

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും; സംസ്ഥാനത്ത് ഇന്നു മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.

മാര്‍ച്ച് 3 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം മലാക്ക കടലിടുക്കിനും അതിനോട് ചേര്‍ന്നു കിടക്കുന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിലുമായി ചക്രവാതചുഴി നിലനില്‍ക്കുകയാണ്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മര്‍ദ്ദ സ്വാധീന ഫലമായി തെക്കന്‍ തമിഴ്‌നാട് തീരദേശ മേഖലയില്‍ മാര്‍ച്ച് 2,3 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്ക് സാധ്യയുണ്ടെങ്കിലും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Latest News