യുക്രൈനില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നെത്തിയ വിമാനമാണ് ഡല്‍ഹിയിലിറങ്ങിയത്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 97 പേര്‍ മലയാളികളാണ്
അഞ്ചാമത്തെ വിമാനത്തില്‍ എത്തിയവരില്‍ 12 പേര്‍ മലയാളികളാണ്. മലയാളികള്‍ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് 5 പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്.
തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം രാത്രി 8.30 ക്ക് എത്തും. 7.30 ക്ക് എത്തുന്ന ഇന്‍ഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ 7 വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.
ഞായറാഴ്ച പുലര്‍ച്ചെ 2.45-ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ഇതില്‍ മുപ്പതുപേര്‍ മലയാളികളായ മെഡിക്കല്‍വിദ്യാര്‍ഥികളായിരുന്നു. രണ്ടാമത്തെ വിമാനത്തില്‍ 219 പേരും മൂന്നാമത്തേതില്‍ 201 പേരുമാണ് ഡല്‍ഹിയിലെത്തിയത്. എല്ലാവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
യുക്രൈനില്‍ കുടുങ്ങിയ 85 മലയാളി വിദ്യാര്‍ഥികളാണ് ഞായറാഴ്ച കേരളത്തിലെത്തിയത്. ഡല്‍ഹി വഴി 56 പേരും മുംബൈ വഴി 29 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.