മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.
ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്കും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും ഇന്ത്യന്‍ ബിസിനസ് സമൂഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഏറ്റവും ശക്തരായായ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കിയതെന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്.
ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡ്‌നന്‍ ചില്‍വാന്‍ മൂന്നാമതെത്തി. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ. സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നയാളാണ് എംഎ യൂസഫലി. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഒരു വ്യക്തിയെ യുഎഇ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്.