Tuesday, November 26, 2024

ജി-20 വിദേശമന്ത്രിമാരുടെ യോഗം; രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തിരിച്ചടിയായി

യുക്രയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ലോകരാഷ്ട്രങ്ങളുടെ ഐക്യത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തള്ളി, ഡല്‍ഹിയില്‍ ചേര്‍ന്ന ജി 20 വിദേശമന്ത്രിമാരുടെ യോഗം. വിദേശമന്ത്രിമാരെ അഭിസംബോധന ചെയ്ത മോദി, ആഗോള പ്രതിസന്ധികള്‍ തരണംചെയ്യാന്‍ യോജിച്ച ചര്‍ച്ച വേണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും പ്രതിനിധികള്‍ ചെവിക്കൊണ്ടില്ല. ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിന് സമാനമായി സംയുക്തപ്രസ്താവന ഇറക്കുന്നതിലും യോഗം പരാജയപ്പെട്ടു.

വ്യാഴാഴ്ച രണ്ടുസെഷനിലായി ബഹുരാഷ്ട്രവാദത്തിന്റെ ശക്തിപ്പെടുത്തല്‍, ഭക്ഷ്യ–ഊര്‍ജ സുരക്ഷ, വികസന സഹകരണം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നതിനാല്‍ സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ തിരിച്ചടിയായെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. പരമാവധി ശ്രമിച്ചുവെന്നും രാജ്യങ്ങളുടെ നിലപാടുകള്‍ തമ്മിലുള്ള അന്തരം അപരിഹാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. യോഗത്തിന്റെ സംഗ്രഹംമാത്രം ആതിഥ്യമരുളുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ പുറത്തിറക്കി.

റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷം മന്ത്രിതല യോഗത്തെ തകര്‍ത്തുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയുടെ നീതീകരിക്കപ്പെടാത്ത അധിനിവേശം യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും ബ്ലിങ്കന്‍ അവകാശപ്പെട്ടു. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിയോകൊളോണിയല്‍ മനോഭാവം കൈവെടിഞ്ഞിട്ടില്ലെന്ന് റഷ്യന്‍ വിദേശമന്ത്രി ലാവ്റോവ് തിരിച്ചടിച്ചു.

 

Latest News