Sunday, November 24, 2024

എന്തൊരു ചൂടിത്! കോട്ടയം രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരം

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്ത് ഏറ്റവും ചൂടുകൂടിയ നഗരം കോട്ടയമാണ്. 37.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു കോട്ടയത്തെ ഇന്നലത്തെ ശരാശരി ചൂട്. ആന്ധ്രയിലെ നന്ദ്യാല്‍, മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍, തെലങ്കാനയിലെ ഭദ്രാചലം തുടങ്ങിയ ഇടങ്ങളാണ് കോട്ടയത്തിന് പിന്നിലായി ചൂടിന്റെ കാര്യത്തില്‍ അണിനിരന്ന നഗരങ്ങള്‍. കേരളത്തില്‍ കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കൊച്ചി വിമാനത്താവളത്തിലാണ്. 32.2 ഡിഗ്രി സെല്‍ഷ്യസ്.

പകല്‍ച്ചൂടില്‍ വെന്തുരുകയാണ് നാട്. പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവിധം അസഹനീയമായിരുന്നു ഇന്നലേയും പകല്‍ താപനില. ജില്ലയുടെ വിവിധ മേഖലകളില്‍ ഒന്നിലേറെ തവണ ശക്തമായ മഴ ലഭിച്ചതിനു പിന്നാലെയാണ് ചൂട് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷത്തില്‍ കാറ്റിന്റെ സാന്നിധ്യം ഇല്ലാത്തതാണ് പകല്‍ താപനില ജില്ലയില്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

കൂനിന്മേല്‍ കുരുവായി ഇന്നലെ കോട്ടയത്ത് വൈദ്യുതിനിയന്ത്രണവും ഉണ്ടായി. ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോലും കഴിയാത്ത വിധം ഉഷ്ണമേറി. വേനല്‍ കടുത്തതോടെ ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമവും ഉടലെടുത്തു തുടങ്ങി. ഒട്ടുമിക്ക പ്രദേശങ്ങളിലുള്ളവരും വെള്ളം വിലകൊടുത്ത് വാങ്ങാന്‍ തുടങ്ങി. ചൂടു കൂടിയതോടെ റബര്‍ ഉത്പാദനവും കുറഞ്ഞു.

കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം വേനല്‍ മഴ 50 ശതമാനം കുറവാണ് ലഭിച്ചിട്ടുള്ളത്. 34.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ 17.1 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇനിയും മഴ വൈകിയാല്‍ വന്‍ നഷ്ടമാണ് നെല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ കാത്തിരിക്കുന്നത്.

Latest News