Tuesday, November 26, 2024

രവീന്ദ്രന്റെ ഇരിപ്പും ശാസ്ത്രബോധവും

തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ വച്ചു നടന്ന ഒരു ചടങ്ങിലെ പ്രാര്‍ത്ഥനാ സമയത്ത് ഇരുന്ന രവിചന്ദ്രന്റെ മാന്യതയില്ലായ്മയെക്കുറിച്ച് ഒരു കുറിപ്പ്…

ക്ഷണിക്കപ്പെട്ട ഒരു ചടങ്ങില്‍ പ്രാര്‍ത്ഥനാ സമയത്ത് കയ്യും കെട്ടിയിരുന്ന് ശ്രീ രവിചന്ദ്രന്‍ സി പ്രകടമാക്കിയ ശാസ്ത്ര അവബോധത്തെ പറ്റി അല്പം കുണ്ഠിതം തോന്നി. മാനവികതയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന നിരീശ്വരവാദികളില്‍ ഭൂരിഭാഗവും മാനവികതയുടെ അടിസ്ഥാനമായി നില്‍ക്കുന്ന മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു.

പ്രായോഗിക ജീവിതത്തില്‍ ഒട്ടുമിക്കവരും ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് അധര വ്യായാമം ചെയ്യുന്നവര്‍ മാത്രമാണ്, ഇത്തരക്കാരുടെ കൈ കൊണ്ട് എന്തെങ്കിലും നന്മ സ്വീകരിച്ചവരെ ഈ ഭൂമി മലയാളത്തില്‍ മഷിയിട്ടു നോക്കിയാല്‍ കണ്ടുപിടിക്കാന്‍ പ്രയാസവുമാണ്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സ്റ്റേജ് പെര്‍ഫോമന്‍സില്‍ അമ്പേ പരാജയപ്പെട്ട എന്റെ കൈയിലേക്ക് തനിക്ക് പണ്ടെങ്ങോ ലഭിച്ച ഒരു കുഞ്ഞു ട്രോഫി വച്ചുതന്ന ചിറമലച്ചനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

സയന്റിഫിക് ടെമ്പര്‍ അനുസരിച്ച് മത്സരത്തില്‍ തോറ്റ എന്നെ ഇതുപോലെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യതയല്ല. മാത്രവുമല്ല ഞാന്‍ തോറ്റു എന്ന് എന്നെ കൂടുതല്‍ ബോധ്യപ്പെടുത്താന്‍ ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. എങ്കില്‍ മാത്രമേ ഞാന്‍ എന്റെ നിലയെക്കുറിച്ച് പഠിക്കൂ മനസ്സിലാക്കൂ. വളരെ നോര്‍മല്‍ ആയുള്ള ഒരു സയന്റിഫിക് ലോജിക്കാണ്.

ശാസ്ത്രീയമായ ഒട്ടേറെ ബിരുദങ്ങള്‍ സ്വന്തമാക്കി, തങ്ങളുടെ ജോലി മേഖലകളില്‍ വളരെ കാര്യക്ഷമമായി സംഭാവന ചെയ്യുകയും, പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള അനേകര്‍ വ്യക്തിജീവിതത്തിലും, ദാമ്പത്യ ജീവിതത്തിലും, സമൂഹ ജീവിതത്തിലും ദയനീയമായി പരാജയപ്പെടുന്ന ഒട്ടനവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രത്തിന്റെ എക്‌സ്പിരിമെന്റേഷന്‍, ഒബ്‌സര്‍വേഷന്‍, ഇന്‍ഫ്രന്‍സ് എന്ന തത്വങ്ങള്‍ക്ക് അതീതമായി ഇന്‍ഡ്യൂട്ടീവ് നോളജിലും, ഇമോഷണല്‍ ഇന്റലിജന്‍സിലും അടിസ്ഥാനമായിട്ടുള്ള വ്യക്തി ബന്ധങ്ങളെയും, സമൂഹ ജീവിതങ്ങളെയും മനസ്സിലാക്കാന്‍ ഇത്തരം സ്വയ അവരോധിത ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിക്കാറില്ല എന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.

നിയമസഭാ സമ്മേളനം നടക്കെ, കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഗാലറിയില്‍ ഇരുന്ന എന്നോട് മര്യാദയ്ക്ക് ഇരിക്കാന്‍ പറഞ്ഞ പോലീസുകാരനെ ഓര്‍ക്കുന്നു. ഞാന്‍ ഏത് പാര്‍ട്ടിക്കാരന്‍ ആണെങ്കിലും, ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സഭയെ, അവരായിരിക്കുന്ന ഇടത്ത് വേണ്ട ആദരവ് കാണിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് ഒരു സമൂഹ ജീവി എന്ന നിലയില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ആണ്.

നിങ്ങള്‍ ഏത് ചെറ്റകുടിലില്‍ താമസിക്കുന്ന ആളായാലും നിങ്ങളുടെ പടിവാതിലിനുപുറത്ത് ചെരുപ്പ് ഉപേക്ഷിച്ച് അകത്തു കയറി വരുന്ന അതിഥിയെ അല്ലേ, സത്യവും നീതിയും നടപ്പാക്കാന്‍ ബൂട്ടിട്ട് ഇരച്ചു കയറി വരുന്ന പോലീസുകാരനെക്കാള്‍ നിങ്ങള്‍ മാനിക്കുക.

മാന്യമായ, ബഹുമാന ആദരവുകള്‍ കാണിക്കാന്‍ കോമണ്‍സെന്‍സ് ഇല്ലാത്ത, ഒരാളുടെ ശാസ്ത്രീയ അറിവുകള്‍ എത്ര ഗഹനമായാലും അത് സ്വീകരിക്കാന്‍ ശ്രോതാക്കളുടെ മനസ്സ് അനുവദിക്കില്ല എന്നുള്ളതാണ് സത്യം. പാല്‍പ്പായസം ഉണ്ടാക്കിയിട്ട് അത് കിണ്ടിയില്‍ ഒഴിച്ചു കൊടുക്കുന്ന പോലെ ഇരിക്കും.

മാന്യന്‍ ആണോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം, പിന്നീടാണ് ശാസ്ത്ര അവബോധവും, ദൈവ വിശ്വാസവും ഒക്കെ വരിക. ഹിറ്റ്‌ലര്‍ യുഗത്തിലെ ശാസ്ത്ര അവബോധമുള്ള, മനുഷ്യപ്പറ്റില്ലാത്ത ശാസ്ത്രജ്ഞരെക്കാള്‍ നല്ലത് സഹജീവി സ്‌നേഹവും മര്യാദയും കാണിക്കുന്ന സാധാരണക്കാരാണ്.

ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര
അസിസ്റ്റന്റ് പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്
തൃശ്ശൂര്‍

 

Latest News