Sunday, November 24, 2024

തീരാവേദനയായി യുക്രൈനിലെ യുദ്ധഭൂമി; നിഷ്‌കളങ്ക ബാല്യങ്ങള്‍ ഉള്‍പ്പെടെ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ അനേകം

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഞായറാഴ്ചയോടെ, യുക്രെയ്‌നിലെ മനുഷ്യാവകാശ കമ്മീഷണര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിരവധി കുട്ടികള്‍ ഉള്‍പ്പെടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ എണ്ണം മാത്രം, 240 ആയി. തലസ്ഥാനമായ കീവില്‍ ധാരാളം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 3.68 ലക്ഷം യുക്രൈന്‍ പൗരന്മാര്‍ പലായനം ചെയ്തതായി യുഎന്നും റിപ്പോര്‍ട്ട് നല്‍കുന്നു. അഭയാര്‍ത്ഥികളിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

കീവിന് തെക്ക് ഞായറാഴ്ച രാവിലെ അതിശക്തമായ സ്‌ഫോടനങ്ങളുണ്ടായി. വ്യോമാക്രമണങ്ങളില്‍ നിന്നു രക്ഷതേടി ജനങ്ങള്‍ ബങ്കറുകളിലും ഭൂഗര്‍ഭ ഗാരിജുകളിലും സബ് വേ സ്‌റ്റേഷനുകളിലും കഴിയുകയാണ്. യുദ്ധം മൂലം രാജ്യത്ത് ഇന്റര്‍നെറ്റ് തടസ്സവും നേരിടുന്ന സാഹചര്യമാണുള്ളത്.

റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 16 കുട്ടികള്‍ കൊല്ലപ്പെട്ടതായും 3,50,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത പ്രതിസന്ധിയാണെന്നും യു എന്‍ എസ് സിയില്‍ യുക്രൈന്‍ അറിയിച്ചു. തിങ്കളാഴ്ച ന്യൂയോര്‍കിലെ യുഎന്‍ സുരക്ഷാ കൗന്‍സിലില്‍ (യുഎന്‍എസ്സി) യുക്രൈന്‍ പ്രതിസന്ധിയെ അഭിസംബോധന ചെയ്യവെയാണ് യുഎനിലെ യുക്രൈന്‍ അംബാസഡര്‍ സെര്‍ജി കിസ്ലിറ്റ് സ്യ യുക്രൈനിലെ സ്ഥിതിഗതികള്‍ അറിയിച്ചത്.

ഇതിനിടെ യുക്രൈന്‍ ജനതയ്ക്ക് അടിയന്തര ഫണ്ട് സഹായം ആവശ്യപ്പെട്ട് നടി എമി ജാക്സണ്‍ രംഗത്തെത്തി. യുക്രൈന്‍ ആശുപത്രിയില്‍ നിന്നുള്ള നവജാത ശിശുക്കളുടെ ഉള്‍പ്പെടെ കുട്ടികളുടെ വീഡിയോ എമി ഇന്റസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ കുട്ടികള്‍ക്ക് സമാധാനമാണ് ആവശ്യമെന്നും അവര്‍ക്കൊപ്പമുണ്ടെന്നും താരം പറഞ്ഞു.

‘യുക്രൈനിലെ കുട്ടികളും മാതാപിതാക്കളും ജനങ്ങളും എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് യുക്രൈന്‍. അടിയന്തര ഫണ്ട് ആവശ്യമാണ്. ദയവായി സംഭാവന ചെയ്യുക’.- എമി ജാക്സണ്‍ കുറിച്ചു.

യുക്രെയ്‌നിലെ വംശീയ ഗ്രീക്ക് സമൂഹത്തിലെ 10 അംഗങ്ങള്‍, തെക്ക് അവരുടെ ഗ്രാമങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ കൊല്ലപ്പെട്ടു. റഷ്യന്‍ അധിനിവേശത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയാണ് യുക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ഒഖ്തിര്‍ക എന്ന ചെറുപട്ടണത്തിലെ കിന്റര്‍ഗാര്‍ട്ടനിലുണ്ടായ ആക്രമണത്തില്‍ അലിസ ഹ്ലാന്‍സ് എന്ന ഏഴുവയസുകാരി പെണ്‍കുട്ടി മരിച്ചത്. ആറു പേര്‍ ആ ആക്രമണത്തില്‍ മാത്രം മരിച്ചിരുന്നു. തന്റെ എട്ടാം പിറന്നാളിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെയാണ് അലിസ ലോകത്തോട് വിട പറഞ്ഞത്. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ അലിസ ശനിയാഴ്ച ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

കീവിലെ പ്രൈമറി സ്‌കൂളില്‍ അവസാന വര്‍ഷം പഠിക്കുന്ന പോളിന എന്ന പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ റഷ്യന്‍ മുന്നേറ്റത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഒരു തെരുവില്‍ ഒരു റഷ്യന്‍ അട്ടിമറി സംഘവും രഹസ്യാന്വേഷണ സംഘവും ചേര്‍ന്നാണ് അവളെയും അവളുടെ മാതാപിതാക്കളെയും വെടിവച്ചു കൊന്നത്. പോളിനയുടെ സഹോദരനെയും സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവളുടെ സഹോദരി തീവ്രപരിചരണത്തിലായിരുന്നു. അവളുടെ സഹോദരനെ പിന്നീട് കുട്ടികളുടെ പ്രത്യേക ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആക്രമണത്തിനും യുദ്ധത്തിന്റെ ഭീകരതയ്ക്കും ഇരയായ ഭൂരിഭാഗം സിവിലിയന്‍മാരുടെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അവരുടെ കഥകള്‍ ഒരുപോലെ സങ്കടകരമാണ്. റഷ്യന്‍ അധിനിവേശത്തിന്റെ രണ്ടാം ദിവസം വടക്ക് കിഴക്കന്‍ യുക്രെയ്നില്‍ ഫ്ളാറ്റുകള്‍ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാര്‍കിവിന് പുറത്തുള്ള ചെറിയ പട്ടണമായ ചുഹുവിലെ നിരവധി ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കുകയും തീ പടരുകയും ധാരാളം പേര്‍ അപകടത്തിലാവുകയുമുണ്ടായി.

യുദ്ധത്തിന്റെ ആദ്യ ദിവസം തെക്കന്‍ യുക്രെയ്‌നില്‍ ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ മരിച്ചു. പ്രസ്തുത അപകടത്തിന്റെ വിശദാംശങ്ങള്‍ ആദ്യം വെളിപ്പെടുത്തിയത് യുക്രെയ്നിലെ പട്രോളിംഗ് പോലീസ് മേധാവി യെവന്‍ സുക്കോവ് ആണ്. അതില്‍ ഒരു പോലീസ് സഹപ്രവര്‍ത്തകന്റെ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുടുംബം രണ്ട് കാറുകളിലായി റഷ്യന്‍ മുന്നേറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ്, നോവ കഖോവ്കയ്ക്ക് സമീപം തീപിടിത്തമുണ്ടായി അവര്‍ മരണപ്പെട്ടത്.

ഒരു മാസം മുമ്പ് യുദ്ധഭീതി ആരംഭിച്ചിരുന്നെങ്കിലും എല്ലാം സമാധാനപരമായി പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. യുദ്ധത്തിലേക്ക് നീങ്ങില്ലെന്നായിരുന്നു പ്രതീക്ഷ. തികച്ചും അപ്രതീക്ഷിതമായിരുന്നു യുദ്ധപ്രഖ്യാപനം. ഇപ്പോള്‍ കനത്ത മിസൈലാക്രമണം കാരണം പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് യുക്രൈന്‍ ജനത. എത്ര നാള്‍ ഇങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്ന് അവര്‍ക്കറിയില്ല. എങ്കിലും തങ്ങളുടെ സൈന്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയാണവര്‍.

മൂന്നു ദിവസത്തെ പോരാട്ടത്തില്‍ റഷ്യന്‍ പടയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് യുക്രൈന്‍ പുറത്തുവിട്ടു. 4,300 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ അവകാശപ്പട്ടത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ ഭസ്മീകരിക്കുകയാണ് റഷ്യയെന്നും രഹസ്യ റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന സൈനികരെ മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് അവിടെത്തന്നെ മൃതദേഹം ബാഷ്പീകരിക്കുകയാണ് എന്നും പറയപ്പെടുന്നു. എത്ര റഷ്യന്‍ ഭടന്മാര്‍ ഇതുവരെ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ റഷ്യ ഇതുവരേയും പുറത്തുവിട്ടിട്ടില്ല.

 

Latest News