ഇന്നും സംസ്ഥാനത്ത് ചൂടുകൂടാന്‍ സാധ്യത. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശം ഉണ്ട്.
37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലാകും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും പാലക്കാടും താപനില 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്.
41 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും പകല്‍ ചൂട് കൂടാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്.